പി.എസ് പത്മിനി എന്ന ഈ പഴയകാല ചരിത്ര അധ്യാപികയ്ക്ക് ചിത്രകല വെറും നേരം പോക്കുമാത്രമല്ല. തന്റെ 83-ാം വയസ്സിലും വരകളോടും നിറങ്ങളോടുമുള്ള പ്രണയം ഒരു തരിപോലും ചോരാതെ ഹൃദയത്തോടടുക്കി പിടിക്കുകയാണ് അവര്‍. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ഇനി വെറുതേ ഇരിക്കാം എന്ന് കരുതുന്നവരുടെ ഇടയിലാണ് പത്മിനി ടീച്ചര്‍ തന്റെ ചിത്രരചനാ പഠനവും പ്രദര്‍ശനങ്ങളുമായി ഇറങ്ങിത്തിരിച്ചത്. ഇപ്പോഴിതാ ഒരു പാവപ്പെട്ട കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ പണം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിന്റെ തിരക്കിലും. അജിത്ര എന്ന ഒമ്പതാം ക്ലാസുകാരിക്ക് വീടെന്നു പറയാന്‍ ഷീറ്റുമേഞ്ഞ മറപ്പുര മാത്രമേയുള്ളൂ. അവള്‍ക്കൊരു വീടുപണിയാന്‍ ഈ കൊറോണക്കാലത്തും ടീച്ചര്‍ നിറങ്ങളുടെ പണിപ്പുരയിലാണ്.